2022 ഒക്‌ടോബർ 18, ചൊവ്വാഴ്ച

മതസൗഹാർദം

 മത രാഷ്ട്രമാണെങ്കിലും മതസൗഹാർദത്തിൻെറ സുഗന്ധം നിറഞ്ഞു നിൽക്കുന്ന നാടാണ് ദുബായ്.പെരുന്നാളും ഓണവും കൃസ്തുമസും ഇവിടെ ഒരു പോലെ ആഘോഷിക്കപ്പെടുന്നു.വിവിധ രാജ്യങ്ങളിലെ പ്രാദേശിക ഉത്സവങ്ങളും കലാരൂപങ്ങളും ഇവിടെ നന്നായി ആഘോഷിക്കുന്നു.

ബർദുബായുടെ ഹൃദയഭാഗത്തെ ചെറു ഗല്ലികളിൽ നിന്നുമുയരുന്നത് ഓംകാരമന്ത്രങ്ങളാണ്.... നാട്ടുപുഷ്പങ്ങളുടെ സുഗന്ധമാണ്. അബ്രക്കും മ്യൂസിയത്തിനും ഇടയിലായുള്ള കെട്ടിട സമുച്ചയത്തിലാണ് ക്ഷേത്രങ്ങളുള്ളത്. ക്ഷേത്രത്തിലേക്ക് കടക്കുന്ന ചെറു ഇടവഴികൾക്കിരുവശവും പുഷ്പ്പങ്ങളും മറ്റ് പ്രസാദ സാധനങ്ങളും ദേവീദേവന്മാരുടെ ചിത്രങ്ങളും പ്രതിമകളും വിൽക്കുന്ന കടകളാണ്.ഈ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുയരുന്ന ഭക്തിഗാനങ്ങളും പുഷ്പങ്ങളുടെ സുഗന്ധവും ഈ ഇടവഴികൾക്ക് ഭക്തി ചാരുത പകരുന്നു.ലക്ഷക്കണക്കിന് ഇന്ത്യൻ രൂപ വിലവരുന്ന പുഷ്പങ്ങളാണ് നിത്യേന ഇവിടെ വിറ്റഴിക്കപ്പെടുന്നത്.

ആദ്യം കാണുന്നത് കൃഷ്ണ ക്ഷേത്രമാണ്. വൃന്ദാവനത്തിലെ കണ്ണനെയും രാധയെയും ആരാധിക്കുന്ന ശ്രീനാഥ് ജി ക്ഷേത്രമാണ്. രാധാകൃഷ്ണന്മാരെയും ലക്ഷ്മീ നാരായണനെയും ആലേഖനം ചെയ്തിട്ടുള്ള പ്രതിഷ്ഠയാണ് ആരാധനാമൂർത്തി.കാമധേനുവിനെയും ചിത്ര രൂപത്തിൽ ആരാധിക്കുന്നുണ്ട്. നിത്യേന പുഷ്പങ്ങളും ശിൽപ്പങ്ങളും കൊണ്ടുള്ള അലങ്കാരം ഇവിടുത്തെ പ്രത്യേകതയാണ്. അലങ്കാരം കഴിഞ്ഞ് നട തുറക്കുമ്പോൾ വ്യത്യസ്തമായ അനുഭൂതിയിലേക്കാണ് വിശ്വാസികൾ എത്തുക. തലേന്ന് കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ദർശനമായിരിക്കും പിറ്റേന്ന് കാണാനാവുക. ഒരു ദിവസം പുഷ്പാലംകൃതമായ ഉദ്യാനത്തിന് നടുവിലാണെങ്കിൽ  അടുത്ത ദിവസം ശുദ്ധജല തടാകത്തിന് നടുവിൽ പൊയ്കയിലാറാടുന്ന കളിവള്ളത്തിന് നടുവിലായിട്ടായിരിക്കും വിഗ്രഹങ്ങൾ ആലേഖനം ചെയ്ത സ്റ്റാൻ്റ് സ്ഥാപിച്ചിട്ടുണ്ടാവുക.ചില ദിവസങ്ങളിലിത് പശുക്കൾ മേയുന്ന പറമ്പായും മറ്റു ചില ദിവസങ്ങളിൽ കുന്നിൻ ചെരുവുകളായും ചില ദിവസങ്ങളിൽ സാധാരണ ശ്രീ കോവിലായും മാറും..... പൂജാരിയുടെ കരവിരുതും മണിക്കൂറുകളോളമുള്ള അർപ്പണമനോഭാവത്തോടെയുള്ള ജോലിയുമാണ് ഓരോ ദിവസവും ശ്രീകോവിൽ പറുദീസയായി മാറുന്നതിൻെറ കാരണം. തൊട്ടടുത്തായാണ് ശിവക്ഷേത്രം. ഇവിടെ ശിവലിംഗമാണ് മുഖ്യ പ്രതിഷ്ഠ. ഗണപതിയും മുരുകനും അയ്യപ്പനും ദേവിയും ഹനുമാനും സായി ബാബയും തിരുപ്പതി വെങ്കിടാചലപതിയും ഉപദേവതകളായിട്ടുണ്ട്. നന്ദികേശ്വരൻ മുന്നിൽ നിൽക്കുന്ന രീതിയിലാണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്.ഇതിന് പിറകിലായി തന്നെ ശിവപാർവ്വതിമാർ കൈലാസത്തിൽ ഉപവിഷ്ഠരായിരിക്കുന്ന വിഗ്രഹവുമുണ്ട്. ശിവക്ഷേത്രത്തിനകത്ത് തന്നെ ഷിർദ്ദി സായി ബാബ ക്ഷേത്രവുമുണ്ട്.പ്രത്യേക ആരതിയും പൂജകളും ഇവിടെ പതിവാണ്. ഉദ്ദിഷ്oകാര്യം സാധിക്കുന്നതിനായി പ്രാർത്ഥിക്കുന്നതിന് ഒരു പ്രത്യേക ഹുണ്ടികയും അതിന് മുകളിലായി സായി വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ പ്രാർത്ഥിച്ച് ഹുണ്ടികയിൽ പണമിട്ടാൽ ഉദ്ദേശിച്ച കാര്യം നടക്കുമെന്ന കാര്യം അച്ചട്ടാണെന്ന് അനുഭവസ്ഥർ പറയുന്നു.ശിവക്ഷേത്രത്തിന് മുകളിലായി സിക്ക് ദർബാർ സജ്ജീകരിച്ചിട്ടുണ്ട്. ഹൈന്ദവ ദേവീ ദേവന്മാരുടെ ചിത്രങ്ങളും പ്രതിമകളും സ്ഥാപിച്ചിട്ടുള്ള വലിയൊരു പ്രാർത്ഥനാ ഹാൾ. ഗുരുനാനാക്കിൻെറ ചിത്രവും ഗ്രന്ധങ്ങളുമാണ് മുഖ്യ പ്രതിഷ്oയുടെ സ്ഥാനത്തുള്ളത്. ഓരോ കാലഘട്ടങ്ങളിലുമുള്ള സിക്ക് പ്രവാചകരുടെ ചിത്രങ്ങളും ആലേഖനം ചെയ്തിതിട്ടുണ്ട്,.തൊട്ടടുത്ത് തന്നെ മുസ്ലിം പള്ളിയുണ്ട്. മ്യൂസിയം പരിസരത്ത് ഭക്തിഗാനങ്ങളും ബാങ്ക് വിളി ശബ്ദവും ഒരുമിച്ച് അന്തരീക്ഷത്തിൽ മിലനം ചെയ്തു കിടക്കുകയാണ്. അധികം അകലെയല്ലാതെ ചർച്ചുകളുമുണ്ട്. ജബൽഅലിയിൽ ഇപ്പോൾ ഒരു പുതിയ ക്ഷേത്രസമുച്ചയം കൂടി പണികഴിപ്പിച്ചിട്ടുണ്ട്. വലിയൊരു ജനാവലിയെ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഇവിടെ ക്ഷേത്രത്തിന് എതിർവശത്തായി ക്രിസ്ത്യൻ ചർച്ചുമുണ്ട്.വിശ്വാസികളുടെ പറുദീസയായ ദുബായിൽ കൂടുതൽ പള്ളികൾ ഉയരുന്നതിനൊപ്പം ക്ഷേത്രങ്ങളും ചർച്ചുകളും ഉയരുന്നുവെന്നത് ശ്രദ്ധേയമാണ്.

2022 ഒക്‌ടോബർ 11, ചൊവ്വാഴ്ച

അബ്ര

മഹാനഗരത്തിന് നടുവിൽ കുറെ കടത്തുവള്ളങ്ങൾ..... മിറാക്കിൾ ഗാർഡൻമുതൽ ബുർജ് ഖലീഫ വരെയുള്ള ആകർഷണീയതകൾക്ക് നടുവിലും അതുപോലെ തന്നെ പരിഗണന ലഭിക്കുന്ന വള്ളങ്ങൾ..... സഞ്ചാരികളുടെ പറുദീസയായ ദുബായ് മഹാനഗരത്തിലെ ഒരു വിസ്മയമാണ് മരത്തിൽ നിർമ്മിച്ച ഈ നാടൻ വള്ളങ്ങൾ.... മോട്ടോർ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെങ്കിലും തുഴഞ്ഞ് പോകുന്ന പ്രതീതിയാണ് സഞ്ചാരികൾക്ക് അനുഭവപ്പെടുക.

ബർദുബായ് ,ഡയറ നഗരങ്ങളെ ബന്ധിപ്പിക്കുന്ന അബ്ര തടാകം മുറിച്ച് കടക്കാനാണ് ഈ കടത്ത് തോണികൾ ഉപയോഗിക്കുന്നത്.പരമ്പരാഗത രീതികളോട് അറബ് സമൂഹത്തിനുള്ള താൽപ്പര്യമാണ് ഈ വള്ളം യാത്ര ഇന്നും. ഇവിടെ നിലനിൽക്കുന്നതിന് കാരണം.പരമ്പരാഗത തോണിയാത്ര പ്രോത്സാഹിപ്പിക്കുന്നതിന് ദുബായ് ഭരണാധികാരികൾ എല്ലാ സൗകര്യങ്ങളും ചെയ്യാറുണ്ട്. തോണികളുടെ മെയിൻറനൻസ്, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ചെലവുകളെല്ലാം സർക്കാറാണ് വഹിക്കുന്നത്..... യാത്രക്കാരിൽ നിന്നും ചാർജായി ഒരു ദിർഹം മാത്രമാണ് ഈടാക്കുന്നത്. ഇത് ഒരു പ്രതീകാത്മകമായ  ചാർജ് മാത്രമാണ്. വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും ചാർജ് വർദ്ധന ഉണ്ടായിട്ടില്ല.ലാഭം പ്രതിക്ഷിച്ചല്ല ഒരു പരമ്പരാഗത സംവിധാനം നിലനിർത്തുകയെന്ന ഉദ്ദേശത്തോടെയാണ് ഈ സംവിധാനം.

ദുബായിലെത്തുന്ന സഞ്ചാരികളെല്ലാം ഈ തോണിയാത്ര ആസ്വദിച്ചേ മടങ്ങാറുള്ളു.ഒരൊറ്റ ദിർഹം ചെലവിൽ ഉല്ലാസകരമായ രാജകീയ യാത്രയുടെ അനുഭവം..... ഈ സൗകര്യം വേറൊരിടത്തും ലഭ്യമാകില്ല... പളുങ്ക് പാത്രം പോലെ ശുദ്ധമായ തടാകത്തിന് നടുവിൽ തത്തിക്കളിക്കുന്ന രീതിയിൽ പാറിയൊഴുകുന്ന വള്ളങ്ങൾ വേറിട്ട കാഴ്ച്ച തന്നെയാണ്. മറുകരയിലേക്ക് ജോലിക്ക് പോകുന്നവർക്കും പർച്ചേസിന് പോകുന്നവർക്കും ഈ ഒരു ദിർഹം യാത്ര ഒരു അനുഗ്രഹമാണ്. തടാകത്തിന് കുറുകെ ഒരു പാലം നിർമ്മിച്ചുകൊണ്ട് വളരെയെളുപ്പം ഇവിടെ കരഗതാഗതം സാധ്യമാക്കാവുന്നതാണ്. ജലയാത്രയുടെ സുഖാനുഭൂതി നിലനിർത്തുന്നതിന് വേണ്ടി മാത്രമാണ് സർക്കാർ പാലം നിർമ്മാണം വേണ്ടെന്ന് വെച്ചിരിക്കുന്നത്.

പഴയകാലഘട്ടത്തിൻെറ ഒരു പരിച്ഛേദം ഈ കടത്തുവള്ളങ്ങളിലൂടെ ഇവിടെ നിലനിൽക്കുകയാണ്.. ഈ ഗ്യഹാതുരത്വത്തിൻെറ സ്മരണ പുതുക്കാൻ ദുബായ് രാജകുടുംബാംഗങ്ങളും പലപ്പോഴും തോണിയാത്രക്കെത്താറുണ്ട്

2011 ജനുവരി 25, ചൊവ്വാഴ്ച

ഓം ശാന്തി

ദുബായ്: രാജസ്ഥാനിലെ മൌണ്ട് അബു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിധ്യലയതിന്റെ രണ്ടു ശാഖകള്‍ ഈ സ്വപ്ന നഗരിയിലുണ്ട്. ദുബായിലും അജ്മാനിലുമാണ് ഈ ആത്മീയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഭക്തര്‍ക്ക് ഈശ്വരീയ കാര്യങ്ങളില്‍ വ്യക്തമായ അറിവ് പകര്ന്നുകൊടുക്കുകയനിവിടെ ചെയ്യുന്നത്. രാജയോഗധ്യനം പഠിപ്പിക്കുന്നുണ്ട് . വിശ്വാസികള്‍ക്ക് ഈ ആരാധന കേന്ദ്രങ്ങള്‍ വലിയൊരു അനുഗ്രഹമാണ്. ഭക്തരെ ഈശ്വരനുമായ് അടുക്കാനുള്ള അവസരം ഇവിടെ ഒരുക്കിയിടുണ്ട്. ഒരുപാടു പേര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട് .

2011 ജനുവരി 24, തിങ്കളാഴ്‌ച

ഓം നമശിവായ

ദുബായ് : ഭൂമിയിലെ പറുദീസയായ സ്വപ്ന നഗരിയിലെ തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ ഈശ്വരീയ സ്മൃതിയില്‍ കഴിയാനും പ്രാര്‍ത്ഥിക്കാനും അവസരം ഒരുക്കിക്കൊണ്ട് രണ്ടു ക്ഷേത്രങ്ങളുണ്ട്. ബര്‍ദുബൈ ക്കടുതയാണ് അമ്പലങ്ങള്‍ ഉള്ളത്. പ്രഭാതത്ത്തിലും പ്രദോഷത്തിലും ഇവിടേയ്ക്ക് ഭക്ത ജനങ്ങളുടെ ഒഴുക്കാണ്. ഈന്തപനകളുടെയും അംബരചുംബികളായ കേടിടങ്ങളുടെയും വ്യാപാര സമുച്ചയങ്ങളുടെയും അണമുറിയാത്ത വാഹന വ്യുഹങ്ങളുടെയം ഇടയില്‍ മരുഭൂമിയിലെ മരുപ്പച്ചയായി ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നു. ഒന്ന് ശിവ ക്ഷേത്രവും മറ്റൊന്ന് കൃഷ്ണ ക്ഷേത്രവുമാണ്.രണ്ടു ക്ഷേത്രന്ഗലും അടുതടുതയാണ് . ഇവിടെ നിത്യ പൂജയും വഴിപാടുകളും മുടങ്ങാതെ നടക്കുന്നുണ്ട്.മുസ്ലിം പള്ളിക്ക് സമീപത്തായി തന്നെയാണ് ഹൈന്ദവ ക്ഷേത്രങ്ങലുള്ളത്. ശിവ ക്ഷേത്രത്തില്‍ ഗണപതി, ഹനുമാന്‍ പ്രതിഷ്ഠകള്‍ ഉണ്ട്. ശിവ ലിംഗത്തില്‍ ധാര യാണ് പ്രധാന വഴിപാട്‌. ഹനുമാന് എണ്ണ, കുമ്ഗുമാം എന്നിവയാണ് പ്രദാന വഴിപാടുകള്‍. ഇവിടെ ഷീര്‍ദി സായി ബാബയുടെ പ്രതിമയും സ്ഥപിചിടുണ്ട് . രാധയുടെയും കൃഷ്ണന്റെയും ചിത്രം ആലേഖനം ചെയ്ത പ്രതിഷ്ഠയാണ് കൃഷ്ണ ക്ഷേത്രത്തിലെത്.